ഗാന്ധിത്തൊടൽമാല

വൈക്കം സത്യഗ്രഹകാലത്ത്
വിദ്യാർത്ഥിയായിരുന്ന വൈക്കം മുഹമ്മദ് ബഷീർ
മഹാത്മാഗാന്ധിയെ തൊട്ടതിന്റെ നൂറാം വർഷം കൂടിയാണിത്.
ഈ വാർഷിക സ്മരണയ്ക്കായി മഞ്ച സ്കൂളിന്റെ സ്വന്തം റേഡിയോ
റേഡിയോ മഞ്ചയിൽ പ്രത്യേക പരിപാടി.

ഗാന്ധിത്തൊടൽ മാല /  
അൻവർ അലി

കവിതയുടെ രണ്ട് അവതരണങ്ങളും
കവിത എഴുതാനുള്ള സന്ദർഭത്തെപ്പറ്റിയുള്ള 
കവിയുടെ അനുഭവവിവരണവുമാണ് ഉള്ളടക്കം.

 കേൾക്കാൻ പ്ലേ ബട്ടൺ പ്രവർത്തിപ്പിക്കുക  
 
 
 
 
 
ഗാന്ധിത്തൊടൽ മാല

അൻവർ അലി


തൊട്ടു ഞാനുമ്മാ ! ഗാന്ധിയെ

തൊട്ടു ഞാനുമ്മാ !

പട്ടുപോലെ നനുത്ത തോളിൽ

തൊട്ടു ഞാനുമ്മാ !

കടലു കരകയ്യേറുമാറ്

മനുഷ്യരാകെ ഇരമ്പിയാർത്തു

വൈക്കം ജെട്ടിയിൽ ബോട്ടടുത്തു

ഗാന്ധി വന്നുമ്മാ, നാട്ടില്

കാന്തി വന്നുമ്മാ !

ഗാന്ധി കാലു വച്ചു മണ്ണിൽ

ശാന്തിവിത്തു തരിച്ചു

രണ്ടു പല്ലു പോയ മോണ-

സ്സൂരിയൻ ചിരിച്ചു

വിത്തുപൊട്ടിച്ചെടിയായി

വൈക്കമൊരു വാടിയായി

നോക്കിനിൽക്കെ, എന്തു മായം!

പൂത്തുലഞ്ഞുമ്മാ, കാന്തി

പൂത്തുലഞ്ഞുമ്മാ!

തൊട്ടു ഞാനുമ്മാ ! ഗാന്ധിയെ

തൊട്ടു ഞാനുമ്മാ !

പട്ടുപോലെ തിളങ്ങുമുയിരിൽ

തൊട്ടു ഞാനുമ്മാ !

ഗാന്ധി കേറി തുറന്ന കാറിൽ

കൂടി ഞാൻ പിന്നാലെ ജോറിൽ

വള്ളിപോലെ പടർന്നു കാറിൻ

വക്കിൽ ഞാനുമ്മാ!

വന്മലയിൽ മുകിൽക്കീറ്

വീണുപെയ്യും പോലേ

വൻകടലിൽ നീർച്ചാല്

വന്നുചേരും പോലേ

രാമനെ റഹീമു പോലേ

അയ്യനെ വാവരു പോലെ

വൈക്കത്തപ്പനെക്കോരമ്പുലയൻ

ചെന്നു തൊടും പോലെ

തൊട്ടു ഞാനുമ്മാ ! ഗാന്ധിയെ

തൊട്ടു ഞാനുമ്മാ !

പട്ടുപോലിഴചേർന്ന ഖൽബിൽ

തൊട്ടു ഞാനുമ്മാ !

പിന്നൊരുനാളിന്ത്യ

രണ്ടുതുണ്ടായി

കാന്തിയോടപരകാന്തി ചേർന്നതിൽ

മിന്നലുണ്ടായി

തൊട്ടടുത്തുനിന്നു പാഞ്ഞൂ

മൂന്നു തീയുണ്ട...

മുട്ടിലൊന്നു നിന്നു; പിന്നെ

വീണുപോയിന്ത്യ...

ഗോഡ്സെ തൊട്ടുമ്മാ ! ഗാന്ധിയെ

ഗോഡ്സെ തൊട്ടുമ്മാ !

കാഞ്ചിയിൽ വിരൽകൊണ്ട്

ഗോഡ്സെ തൊട്ടുമ്മാ !

തൊട്ടു ഞാനുമ്മാ ! കാന്തിയെ

തൊട്ടു ഞാനുമ്മാ !

പട്ടടയിൽ കത്തുമിന്ത്യയെ

തൊട്ടു ഞാനുമ്മാ !

 
 
 
---------------------------------------------------------------------
മഞ്ച സ്കൂൾ പുറത്തിറക്കിയ ഓഡിയോ ബുക്കുകൾ കേൾക്കാം

നമ്മുടെ പാഠാവലി
(1956  മുതലുള്ള കേരളപാഠാവലിയിൽ നിന്നുള്ള പാഠഭാഗങ്ങളുടെ  അവതരണം)

അംബേദ്കർ പാരായണം

(1983ലെ ഡോക്ടർ അംബേഡ്കർ എന്ന പത്താംക്ലാസ് ഉപപാഠപുസ്തകത്തിന്റെ ശബ്ദരൂപം)

ഗാന്ധി:ഒരു കേൾവിപുസ്തകം

(ഗാന്ധിജിയുടെ എഴുപത്തിയഞ്ചാം രക്തസാക്ഷിത്വവാർഷികത്തിൽ നടത്തിയ റേഡിയോ പ്രഭാഷണങ്ങളുടെ സമാഹാരം)

ശബ്ദപുസ്തകം

(റേഡിയോ മഞ്ച പ്രക്ഷേപണം ചെയ്ത പരിപാടികളിൽ നിന്ന് തെരഞ്ഞെടുത്തവ)

0 comments: